Yukthi Yugam Magazine

New Rationalist Magazine in Malayalam Language

ചിന്തിക്കാന്‍ ധൈര്യപ്പെടുന്നവര്ക്കായി ഒരു മാസിക.

ചിന്തിക്കാന്‍ ധൈര്യപ്പെടുന്നവര്ക്കായി ഒരു മാസിക. . - മലയാളത്തില്‍ . ജനുവരി 13 ന് തൃശൂരില്‍ വെച്ച് പുറത്തിറക്കുന്നു .
Big image
Big image

യുക്തിയുഗം മാസിക പ്രകാശനം

Sunday, Jan. 13th 2013 at 2:30pm

തൃശൂര്‍

Big image
യുക്തിയുഗം പ്രകാശനം 13-1-13 നു ത്രശൂര്‍ മുണ്ടശേരി ഹാളില്‍ പങ്കെടുക്കുന്ന പ്രമുഖര്‍
യുക്തിയുഗം മാസിക
Big image
Big image

എന്തിനു “യുക്തിയുഗം“ ?


----------------------
നവോഥാനത്തിന്റെ വെള്ളിവെളിച്ചം മങ്ങുകയും മണ് മറഞ്ഞെന്നു നാം കരുതിയ വിഡ്ഢിവിശ്വാസങ്ങളെല്ലാം പുനരവതാരം കൊള്ളുകയും ശാസ്ത്രനേട്ടങ്ങളെത്തന്നെ ദുരുപയോഗിച്ചുകൊണ്ട് ശാസ്ത്രവിരുദ്ധപ്രചാരണവും വിശ്വാസക്കച്ചവടവും വിപണിയില് തിമിര്ത്ത് അര്മാദിക്കുകയും ചെയ്യുന്ന വര്ത്തമാന കേരളം ;ഒന്നല്ല ഒരായിരം പ്രകാശഗോപുരങ്ങളുടെ അനിവാര്യതയാണു നമ്മെ തെര്യപ്പെടുത്തുന്നത്.
ആത്മീയ അന്ധവിശ്വാസങ്ങള്ക്കു പുറമെ ശാസ്ത്ര മേലങ്കിയുടുപ്പിച്ച കാക്കത്തൊള്ളായിരം കപട ശാസ്ത്രങ്ങളും സെക്യുലര് അന്ധവിശ്വാസങ്ങളും ഇന്നു കേരളീയ സമൂഹത്തില് സര്വ്വാംഗീകൃത ഉല്പ്പന്നങ്ങളായി രംഗത്തുണ്ട്. “ചരടു കെട്ടിയ കേരളം” എന്ന് ഈയിടെ ഒരു ചിന്തകന് ഈ അവസ്ഥയെ വിശേഷിപ്പിക്കുകയുണ്ടായി. മന്ത്രനൂലും തന്ത്ര ചരടും പരിഹാര തകിടുമൊക്കെ ഇന്നു കയറ്റുമതി ഉല്പ്പന്നങ്ങളായി പുറം രാജ്യങ്ങളിലിലെ വിപണിയില് പോലും വിറ്റഴിക്കപ്പെടുന്നു.
പ്രകൃതി ചികിത്സ,കാന്ത ചികിത്സ, മണ്ണു ചികിത്സ, മെത്തചികിത്സ, പാദുക ചികിത്സ, കൌപീനകിത്സ, പ്രവാചക ചികിത്സ, യാഗ ചികിത്സ, യോഗചികിത്സ .. തുടങ്ങി വൈദ്യ രംഗത്ത് കപടന്മാരുടെയും വ്യാജന്മാരുടെയും വിളയാട്ടം തന്നെ നടക്കുന്നു. ശാസ്ത്രവാദികള് തൊട്ടു “യുക്തിവാദികള്” വരെ ഇതിന്റെയൊക്കെ പ്രചാരകരും പ്രയോക്താക്കളുമാണെന്ന വൈരുദ്ധ്യവും നമ്മെ നോക്കി പല്ലിളീക്കുന്നു !
ഭരണഘടന പൌരന്റെ കടമകളില് [article 51 A (h) ] ശാസ്ത്രബോധം പ്രചരിപ്പിക്കാന് നിര്ദേശിക്കുന്നുവെങ്കിലും ഭരണക്കാര്ക്കോ രാഷ്ട്രീയക്കാര്ക്കോ പുരോഗമനത്തിന്റെ മൊത്തവില്പ്പനക്കാരായി ചമയുന്നവര്ക്കോ ഈ മേഖലയില് പ്രവ ര്ത്തിക്കാന് ഒട്ടുമേ താല്പര്യമില്ല. പ്രമുഖ ശാസ്ത്ര പ്രചാരകര് പോലും ഇന്നു വെറും സോപ്പു വില്പ്പനക്കാരായി ഒതുങ്ങിയിരിപ്പാണു... വിപ്ലവം വരുകയും വ്യവസ്ഥിതി മാറുകയും ചെയ്യുമ്പോള് എല്ലാ രോഗവും തനിയെ ശമിച്ചോളും എന്ന കാലഹരണപ്പെട്ട പ്രതീക്ഷ കൈവിടാതെ ആഗോളവല്ക്കരണം, സാമ്രാജ്യത്വം എന്നൊക്കെവൃഥാആവര്ത്തിച്ചുകൊണ്ടിരിക്കുന്നു മറ്റു ചിലര്‍ !..ഇവിടെ 5000വും 10000വും കൊല്ലം പഴക്കമുള്ള ദുരാചാരങ്ങള്ക്കും അന്ധവിശ്വാസങ്ങള്ക്കും കാരണം ആഗോളവല്ക്കരണമാണെന്നും പരിഹാരം സാമ്രാജ്യത്വവിരോധം മാത്രമാണെന്നും അവര് ഉറച്ചു “വിശ്വസിക്കുന്നു”. !
അതേ സമയം ലോകമെമ്പാടും മതനിരപേക്ഷമായ സ്വതന്ത്ര ചിന്തയും യുക്തിയധിഷ്ഠിതവും ശാസ്ത്രീയവുമായ നവ മാനവ ബോധവും പൂര്‍വാധിക ശക്തിയോടെ ഉണര്ന്ന് സജീവമാകുന്നു എന്ന ആശാവഹമായ സ്ഥിതിയും നാം കാണുന്നു. അധുനാതന ശാസ്ത്ര സങ്കേതങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് മതശക്തികള് അവരുടെ വ്യാഖ്യാന ഫാക്റ്ററികള് പ്രവര്ത്തിപ്പിക്കുമ്പോള് തന്നെ ഉരുളയ്ക്കുപ്പേരി നല്കി ഇരുട്ടിന് ശക്തികളെ നിര്ത്തേണ്ടിടത്തു നിര്ത്താന് പാശ്ചാത്യ ലോകത്തെ യുക്തി ചിന്തകര്ക്കും ശാസ്ത്രപ്രചാരകര്ക്കും കഴിയുന്നു. വിശ്വാസികളുടെ ഭാഗത്തുനിന്നും യുക്തിവാദികള്ക്കു നേരെ ഉയര്ന്നു വരുന്ന ഒട്ടു വളരെ ചോദ്യങ്ങള്ക്കും യുക്തിസഹവും ശാസ്ത്രീയവുമായ വിശദീകരണം നല്കാന് കേരളത്തിലെ യുക്തിവാദപ്രചാരകര്ക്കു പോലും സാധ്യമാകുന്നില്ല എന്നത് ഒരു പരിമിതി തന്നെയാണു . ശാസ്ത്ര രംഗത്തെ അതിനൂതനമായ വിജ്ഞാന മേഖലകളില് ആണ്ടിറങ്ങിക്കൊണ്ടു മാത്രമേ ഇക്കാലത്തു വിശ്വാസപ്രചാരകര്ക്കു മറുമരുന്നു നല്കാനാവൂ.
പ്രപഞ്ചം എങ്ങനെയുണ്ടായി? മനുഷ്യന് എവിടെനിന്നു വന്നു ? എങ്ങോട്ടു പോകുന്നു ? മനുഷ്യജീവിതത്തിന്റെ അര്ഥമെന്ത് ? ലക്ഷ്യമെന്ത് ? മരണമെന്ത് ? ആത്മാവെന്ത് ? മരണാനന്തരമെന്ത് ? ദൈവ ശിക്ഷയില്ലെങ്കില് പിന്നെ നന്മതിന്മകളുണ്ടോ? പ്രകൃതിയിലെ നിര്ധാരണാതീതമായ സങ്കീര്ണതകള് എങ്ങനെ ഉണ്ടായി? അതിനു പിന്നില് ഒരു അതിബുദ്ധിമാന്റെ ആസൂത്രണം ഇല്ലേ ? … തുടങ്ങി അനേകം ചോദ്യങ്ങളാണു നമുക്കു മുന്നില് വിശ്വാസികള് നിരത്തുന്നത്.
ഭൌതിക പ്രപഞ്ചശാസ്ത്രം, പരിണാമശാസ്ത്രം, മനശ്ശാസ്ത്രം, ന്യൂറോ സയന്സ് സാമൂഹ്യ ശാസ്ത്രം നരവംശശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകളില് അവഗാഹം നേടിക്കൊണ്ടു മാത്രമേ ഈ വക ചോദ്യങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കാന് നമുക്കാവൂ. കേവലം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ മാത്രം അവലംബിച്ച് ഇതിനെല്ലാം ഒറ്റമൂലി ഉത്തരം നല്കുന്ന കേവലയുക്തിവാദത്തിന്റെ കാലം കഴിഞ്ഞു എന്ന യാഥാര്ഥ്യം നാം തിരിച്ചറിയണം.
യുക്തിവാദികളില്നിന്നും സമൂഹം പ്രതീക്ഷിക്കുന്നതും ഉറ്റു നോക്കുന്നതും ഇത്തരം സമസ്യകള്ക്കുള്ള ശാസ്ത്രീയമായ വിശദീകരണങ്ങളാണു. മറ്റനേകം രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങള് ആവര്ത്തിച്ചു കൊണ്ടിരിക്കുന്ന സിദ്ധാന്തങ്ങളും മുദ്രാവാക്യങ്ങളും അന്ധമായി ഉരുവിട്ടുകൊണ്ട് ഇനിയൊരടി മുന്നോട്ടു പോകാന് നമുക്കാവില്ല. ഈ തിരിച്ചറിവില് നിന്നാണു പുതിയ പ്രസിദ്ധീകരണത്തിനെ കുറിച്ചുള്ള ആലോചനകള് രൂപം കൊള്ളുന്നത്. പുതു തലമുറയ്ക്ക് ശാസ്ത്രീയ ചിന്തയ്ക്കുപകരിക്കുന്ന വിജ്ഞാനം പകര്ന്നു നല്കാനും അവരെ സ്വതന്ത്ര ചിന്തയുടെ പന്ഥാവിലേക്കു നയിക്കാനും പുതിയ മാസിക പരിശ്രമിക്കും. പുതു തലമുറയില് നിന്നു തന്നെ കഴിവുറ്റ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതാണു നമ്മുടെ നയം.
ഏ ടി കോവൂരിനെ പോലുള്ള യുക്തിവാദികള് അവരുടെ കാലഘട്ടത്തിലെ മൌലികമായ വിഷയങ്ങള്ക്ക് കൃത്യവും ശക്തവുമായ വിശദീകരണം നല്കുന്നതില് വിജയിച്ചു. ഭൂത പ്രേത കുട്ടിച്ചാത്തനാദി ക്ഷുദ്ര ശക്തികളെ മനശാസ്ത്രത്തിന്റെ തെളിമയില് വിശദീകരിക്കാനവര്ക്കു സാധിച്ചു. സഹോദരന് അയ്യപ്പന് എം സി ജോസഫ് കുറ്റിപ്പുഴ തുടങ്ങിയ ആദ്യ കാല യുക്തിവാദികള്ക്കും യുക്തിവാദത്തെ സംബന്ധിച്ചുള്ള ഏറ്റവും ശരിയും സ്വതന്ത്രവുമായ കാഴ്ച്കപ്പാടുകളുണ്ടായിരുന്നു. സൈദ്ധാന്തികവും വൈജ്ഞാനികവുമായ ഉള്ക്കാഴ്ച്ചയോടെ യുക്തിവാദത്തെ മലയാളികള്ക്കു പരിചയപ്പെടുത്താന് ഈ ചിന്തകര്ക്കു കഴിഞ്ഞു. എന്നാല് പിന്നീടു നാം അഭിമുഖീകരിച്ച പ്രധാന ചോദ്യങ്ങള്ക്കും സമസ്യകള്ക്കും മൌലികമായ വ്യാഖ്യാനങ്ങളോ വിശദീകരണങ്ങളോ നല്കാന് നേരാം വണ്ണം സാധിച്ചില്ല. ഈ പരിമിതിയെ മറികടക്കുക എന്നതാണിക്കാലത്തു യുക്തിവാദികള് നേരിടുന്ന പ്രധാന വെല്ലുവിളി. യുക്തിയുഗം ആ വെല്ലുവിളിയെ അഭിമുഖീകരിക്കാന് ശ്രമിക്കും. ശാസ്ത്രമാണു നമുക്കു മുന്നിലുള്ള സുശക്തമായ ഏക ആയുധം . ശാസ്ത്രത്തെ തന്നെയാണു അന്ധകാര ശക്തികള് ഭയക്കുന്നതും. യുക്തിയുഗം ശാസ്ത്രത്തിന്റെ പിന് ബലത്തിലും വെളിച്ചത്തിലും വിശ്വാസമര്പ്പിച്ചു കൊണ്ട് യുക്തിവാദം നേരിടുന്ന കാലിക വെല്ലുവിളികളെ ഏറ്റെടുക്കാന് ആഗ്രഹിക്കുന്നു.
ഓരോ ലക്കവും ഓരോ സവിശേഷ വിഷയത്തെ അധികരിച്ചുള്ള നൂതനവും മൌലികവുമായ പഠനങ്ങള് അവതരിപ്പിക്കാനാണു ഉദ്ദേശിക്കുന്നത്. ശാസ്ത്രഗതി, യുക്തിരേഖ , യുക്തിരാജ്യം തുടങ്ങിയ പ്രസിദ്ധീകരണങ്ങളും നമുക്കുണ്ട്. അവയുടെ ഉള്ളടക്കവും ഈ വിധം മെച്ചപ്പെടുത്തി പ്രചാരണം വര്ധിപ്പിക്കണം. യുക്തിയുഗം അക്കാര്യത്തില് സമാനസംരംഭകരുമായി സഹകരിക്കുന്നതാണു. തിരിച്ചും ഈ വിധത്തിലുള്ള സഹകരണാത്മക പാരസ്പര്യം പ്രതീക്ഷിക്കുന്നു. അന്ധകാരാവൃതമായ ഈ സമൂഹത്തില് അനേകം കൈത്തിരികള് ഇനിയും പ്രഭ ചൊരിയട്ടെ എന്നാണു നാം ആശിക്കുന്നത്. അഭിപ്രായ ഭിന്നതകളുള്ള വിഷയങ്ങളില് ആരോഗ്യകരവും സൌഹാര്ദ്ദപരവുമായ ചര്ച്ചകളും സംവാദങ്ങളും നടത്തുന്നതും അഭികാമ്യം തന്നെ. സ്വതന്ത്ര ചിന്തകര്ക്കിടയില് പല വിഷയങ്ങളിലും ഭിന്നാഭിപ്രായങ്ങള് സ്വാഭാവികമാണു. പൊതുവില് യോജിപ്പുള്ള വിഷയങ്ങളില് ഐക്യപ്പെടുകയും അല്ലാത്ത കാര്യങ്ങളില് സംവാദാത്മക ജനാധിപത്യ രീതി അവലംബിക്കുകയുമാണു വേണ്ടത്. ക്രിയാത്മകമായ നിര്ദേശങ്ങള് സ്വാഗതം ചെയ്യുന്നു. എല്ലാ സുമനസ്സുകളുടെയും സഹകരണവും പ്രോത്സാഹനവും അഭ്യര്ത്ഥിക്കുന്നു


Big image